Our Passengers

Thursday 18 September 2014

സമയക്കുറവ് മൂലം ഒരു സ്റ്റോപ്പ്‌ ഒഴിവാക്കിയതിനു ബസുകൾക്ക് കിട്ടിയ പണി കണ്ടോ ??

എടക്കാട് ടൗണില്‍ കയറാതെ പോയ ബസുകളെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞപ്പോള്‍ ഉണ്ടായ ദൃശ്യം.

ബസ്സുകാരുടെ ഈ തെറ്റായ പ്രവൃത്തികാരണം എടക്കാട് ഉള്ള കുറേ യാത്രക്കാര്‍ വിഷമത അനുഭവിക്കുന്നുണ്ടെന്നു ഞങ്ങള്‍ക്കറിയാം.
കൃത്യ സമയത്ത് പല സ്ഥലങ്ങളിലും എത്തേണ്ടുന്ന പല ആള്‍ക്കാരും ബസു കിട്ടാത്തതു മൂലം അതിനു സാധിക്കാതെ വരുമ്പോള്‍ ആരായാലും പ്രതികരിക്കും. ഇതു പോലുള്ള പ്രതിഷേധങ്ങള്‍ ഫലവത്താണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ ???

ആദ്യം നമുക്ക് എന്തു കൊണ്ടു ബസുകള്‍ എടക്കാട് സ്റ്റോപ്പ് ഒഴിവാക്കുന്നു എന്നു അന്വേഷിച്ചു നോക്കാം.
കണ്ണൂര്‍ തലശ്ശേരി ലോക്കല്‍ ബസിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മുന്നില്‍ അന്നും ഇന്നും വലിയ കടമ്പയായി നില്‍ക്കുന്നത് നടാല്‍ ഗേറ്റ് ആണ്.
കണ്ണൂരില്‍ നിന്നും തലശ്ശേരിയിലേക്കു പോകുന്ന ഒരു ബസിനു മുന്നില്‍ നടാല്‍ ഗേറ്റ് അടഞ്ഞാല്‍ അവിടെ തീരും അവരുടെ മാന്യമായ സര്‍വ്വീസ്. തീവണ്ടി പോയി ഗേറ്റ് തുറക്കുമ്പോളേക്കും ഒരേ ദിശയിലേക്ക് പോകുന്ന രണ്ടില്‍ അധികം ബസ്സുകള്‍ അവിടെ ഒന്നിച്ചെത്തിയിരിക്കും.

പല ബസ്സുകള്‍ക്കും തലശ്ശേരി എത്തി അപ്പോള്‍ തന്നെ തിരിച്ചു വരുന്ന രീതിയില്‍ ആണു സമയം നിശ്ചയിച്ചിട്ടുള്ളത്.
ഇതു പോലുള്ള ബ്ലോക്കില്‍ പെട്ടു കിടക്കുന്ന സമയം അവര്‍ക്ക് പിടിച്ചെടുക്കേണ്ടത് പിന്നീടങ്ങോട്ടുള്ള സ്ഥലങ്ങളിലാണ്.
വളരെ നല്ല രീതിയില്‍ കൃത്യസമയം പാലിച്ചോടുന്ന തീവണ്ടികളാണ് നമ്മുടെ നാട്ടിലൂടെ എന്നതിനാല്‍  ഏതു ബസ് എപ്പോള്‍ നടാലില്‍ കുടുങ്ങുമെന്നു ആര്‍ക്കും പറയാന്‍ പറ്റില്ല.

ഇനി ഗേറ്റ് തുറന്നാലോ ???
ഇരു ഭാഗത്തും നിരന്നു നില്‍ക്കുന്ന ഇരു ചക്ര വാഹനക്കാര്‍. നിരനിരയായി കിടക്കുന്ന കാറുകള്‍. എല്ലാത്തിനെയും മറി കടന്നു പിന്നെ മൂന്നോ നാലോ ബസുകള്‍ ഒന്നിച്ചു കുതിക്കുകയായി തലശ്ശേരിയിലേക്ക്.

പത്തു മിനുട്ടുകള്‍ക്കു മുകളിലായി എടക്കാട് ടൗണിലൂടെ ഒരു ബസ് പോയില്ല എങ്കില്‍ എത്ര തലശ്ശേരി ടിക്കറ്റുകള്‍ ആ സ്റ്റോപ്പില്‍ ഉണ്ടാകുമെന്ന് എല്ലാ ജീവനക്കാര്‍ക്കും അറിയാം. അതു കൊണ്ട് തന്നെ ആദ്യത്തെ ബസ് എടക്കാട് ടൗണില്‍ കയറി ആള്‍ക്കാരെ എടുക്കും. പിന്നാലെ വരുന്നവര്‍ വൈകി ഓടുന്നതിനാല്‍ ടൗണിലൂടെ കയറി കാലിയായ സ്റ്റോപ്പില്‍ നിര്‍ത്തിയിടാന്‍ എന്തായാലും താല്‍പര്യപ്പെടില്ല. അവര്‍ ടൗണില്‍ കയറാത്ത അടുത്ത പ്രധാന സ്റ്റോപ്പ് നോക്കി കുതിക്കും.

നാട്ടുകാര്‍ക്ക് പ്രതികരിക്കാം. പക്ഷേ ഒരു പ്രധാന ടൗണ്‍ ഒഴിവാക്കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നത് എന്താണെന്നു ഒരു നിമിഷം ആലോചിക്കുക.

വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയാല്‍ എല്ലാം ശരിയാകുമെന്നു കരുതുന്നുണ്ടോ ??
അതിനു മുന്‍പേ നിങ്ങളുടെ പ്രതിഷേധം കണ്ട് കാര്യം മനസ്സിലാകാതെ അന്തം വിട്ടു നില്‍ക്കുന്ന യാത്രക്കാരെ കണ്ടോ ?
പല പല ആവശ്യങ്ങള്‍ അവര്‍ക്കും ഉണ്ട്. ഇതു പോലുള്ള നാടകങ്ങള്‍ മൂലം അവര്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ വിലയേറിയ സമയം ആണു.
ഇനി ബസ്സുകള്‍ വിട്ടു കഴിഞ്ഞാല്‍ അവര്‍ സമയം തിരിച്ചു പിടിക്കാന്‍ കാണിക്കുന്ന പരാക്രമങ്ങള്‍ എന്താകുമെന്ന് ആലോചിച്ചിട്ടുണ്ടോ ??
റോഡുകളെ ചോരക്കളമാക്കുന്ന ഇതു പോലുള്ള പഴഞ്ചന്‍ നടപടികള്‍ ഒഴിവാക്കൂ.
ഓര്‍ക്കുക സമയവും ജീവനും വിലപ്പെട്ടതാണ്. ദയവു ചെയ്ത് അതു വച്ച് ആരും പന്താടരുത്.

പരാതികള്‍ നിയമത്തിന്ടെ വഴി നീങ്ങുക.

സമയം പ്രകാരം ഓടേണ്ടതും എന്നാല്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ അതു പാലിക്കാന്‍ പറ്റാതെ കഷ്ടപ്പെടുന്ന ബസുകളെ നടു റോഡിലിട്ടു കഷ്ടപ്പെടുത്തരുത്.

കണ്ണൂരിലെ വേദനിക്കുന്ന ബസ് തൊഴിലാളികള്‍ക്കായി

കണ്ണൂര്‍ ബസ്സ്

1 comment: